കോഴിക്കോട്: സംസ്ഥാനത്തെ ക്ഷീരമേഖലയുടെ സമഗ്ര വികസനവും ക്ഷീരകര്‍ഷകരുടെ ക്ഷേമവും മുന്‍നിര്‍ത്തി ക്ഷീര കര്‍ഷക കരട് നയം തയാറാക്കുന്നു. ഇതിന്റെ ഭാഗമായി ഉന്നതതല സമിതി രൂപവത്കരിച്ചു.
സര്‍ക്കാരിന്റെ കന്നുകാലി നയത്തിന്റെ മാതൃകയില്‍ കരട് നയം എത്രയും വേഗം തയാറാക്കി സമര്‍പ്പിക്കാനാണു സമിതിക്കു ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
ക്ഷീരകര്‍ഷക കരടു നയത്തിന്റെ ഭാഗമായി വിവിധ തലങ്ങളില്‍നിന്ന് ക്ഷീരവികസന വകുപ്പ് ആശയങ്ങളും നിര്‍ദേശങ്ങളും സ്വരൂപിച്ചിരുന്നു. ഇത് ക്രോഡീകരിച്ചു രൂപപ്പെടുത്തിയ 17 ഇന നിര്‍ദേശങ്ങള്‍ ഉന്നതതല സമിതി പരിശോധിച്ചാണ് കരട് നയം തയാറാക്കുക.
ക്ഷീരവികസന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായും ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ കണ്‍വീനറായും പ്രവര്‍ത്തിക്കുന്ന സമിതിയില്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍, മില്‍മ എംഡി, കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍, നാഷണല്‍ ഡെയറി ഡെവലപ്മെന്റ് ബോര്‍ഡ് ദക്ഷിണ മേഖല വകുപ്പ് മേധാവി, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി ഡെയറി സയന്‍സ് വകുപ്പ് മേധാവി, തിരുവനന്തപുരം, എറണാകുളം, മലബാര്‍ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍മാര്‍ എന്നിവരാണ് അംഗങ്ങള്‍.
പ്രധാന നിര്‍ദേശങ്ങള്‍
- ക്ഷീരകര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള 5 ലക്ഷം രൂപയുടെ വരുമാന പരിധി നീക്കം ചെ യ്യുക
- കാലിത്തീറ്റ സബ്സിഡി, പാല് ഇന്‍സെന്റീവ് എന്നിവയുടെ പരിധിയും തുകയും ഉയര്‍ത്തുക
- ചാണകം, ഗോമൂത്രം എന്നിവയില്‍നിന്നു മൂല്യവർധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനായി കൃഷി വകുപ്പുമായി സഹകരിക്കുക
- ഫാം ലൈസന്‍സിംഗിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഐടി അധിഷ്ഠിത ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുക
- പാലിന്റെ ഗുണനിലവാര പരിശോധനയില്‍ ക്ഷീരവികസന വകുപ്പിന് കൂടുതല്‍ അധികാരം നല്‍കുക
- തൊഴിലുറപ്പു പദ്ധതിയില്‍ കന്നുകാലി വളര്‍ത്തല്‍കൂടി ഉള്‍പ്പെടുത്തുക
- സര്‍ക്കാരിന്റെ പൊതുപരിപാടികളില്‍ ലഘുഭക്ഷണമായി നാടന്‍ ക്ഷീരോത്പന്നങ്ങള്‍ വിതരണം ചെയ്ത് വിപണിസാധ്യത വര്‍ധിപ്പിക്കുക.